അമേരിക്കയിലെ ടെക്‌സസില്‍ ആറാഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിച്ചു

അമേരിക്കയിലെ ടെക്‌സസില്‍  ആറാഴ്ച്ചയ്ക്കുശേഷമുള്ള  ഗര്‍ഭച്ഛിദ്രം നിരോധിച്ചു

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്ത് ആറാഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിച്ച് നിയമം പാസാക്കി. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്കും പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അനുവാദമില്ല.

ബുധനാഴ്ച്ചയാണ് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ബില്ലില്‍ ഒപ്പുവച്ചത്. ഗര്‍ഭച്ഛിദ്രം നടത്തുന്ന ആര്‍ക്കെതിരേയും കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ അനുവദിക്കുന്നതാണ് നിയമം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയിക്കുന്ന അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കിയതിനു സമാനമാണ് ടെക്‌സസിലും നിരോധനം നടപ്പാക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍, അബോര്‍ഷന്‍ ക്ലിനിക്കിലെ ജീവനക്കാര്‍, സഹായിക്കുന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ് എടുക്കും.

നിയമത്തെ പിന്തുണയ്ക്കുന്നവരും ടെക്‌സസ് റൈറ്റ് ടു ലൈഫ് സംഘടനയും ഏറ്റവും ശക്തമായ പ്രോ-ലൈഫ് ബില്ലെന്നാണു വിശേഷിപ്പിച്ചത്. അതേസമയം ബില്ലിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. നിയമം പാസാക്കിയത് രാജ്യത്തെ ഏറ്റവും ആപത്കരമായ നീക്കമാണെന്നും അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ നിയമപരമായ നടപടികളിലേക്കു നീങ്ങാനുള്ള തീരുമാനത്തിലാണ് എതിര്‍ക്കുന്നവര്‍.

'സ്രഷ്ടാവ് നമുക്ക് ജീവിക്കാനുള്ള അവകാശം നല്‍കി. എന്നിട്ടും ഗര്‍ഭച്ഛിദ്രം കാരണം ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കാണ് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നത്. ടെക്‌സസില്‍ ആ ജീവനുകള്‍ രക്ഷിക്കാനാണു ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് നിയമനിര്‍മാണം നടത്തിയത്-ബില്ലില്‍ ഒപ്പിട്ടുകൊണ്ട് ഗവര്‍ണര്‍ അബോട്ട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.