വാഷിങ്ടൺ: വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 12ന് ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രോ ലൈഫ് മാർച്ചിനൊരുങ്ങി അമേരിക്കയിലെ പുരുഷന്മാർ. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിങ്ടൺ ഇതിന് സാക്ഷ്യം വഹിക്കും.
‘ഏത് സമയത്തും എവിടെയും നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് തെറ്റാണ്, അത് നിയമവിരുദ്ധവുമാണ്. ഗർഭച്ഛിദ്രം എന്ന പ്രശ്‌നത്തിൽ പുരുഷന്മാരുടെ പങ്ക് തള്ളിക്കളയാനാവില്ല. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പുരുഷന്മാർ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാകേണ്ട സമയമാണിത്'. ‘ദ മെൻസ് മാർച്ച്’ എന്ന വെബ്‌സൈറ്റിലുടെ സംഘാടകർ വ്യക്തമാക്കി.
ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി ‘റോ വേഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് 1974 മുതൽ വാഷിങ്ടൺ ഡി.സിയിൽ നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്’തന്നെയാണ് പുരുഷന്മാരുടെ പ്രോ ലൈഫ് മാർച്ചിനും പ്രചോദം.
പ്രാർത്ഥനകൾ ഉരുവിട്ട് സമാധാനപരമായി സംഘടിപ്പിക്കുന്ന മാർച്ചിൽ അൽമായർ സ്യൂട്ടും വൈദികർ ഔദ്യോഗിക വസ്ത്രവും ധരിച്ച് ജൂൺ 12 രാവിലെ 11.00ന്, വാഷിങ്ടണിലെ കുപ്രസിദ്ധ ഗർഭച്ഛിദ്ര കേന്ദ്രമായ ‘സുർജിക്ലിനിക്കി’ന് സമീപം കൂടിച്ചേരും. തുടർന്ന്, ‘ഞങ്ങളുടെ ഗർഭസ്ഥശിശുക്കളെ കൊല്ലുന്നത് അവസാനിപ്പിക്കൂ,’ എന്ന് രേഖപ്പെടുത്തിയ ബാനറിന് പിന്നിൽ അണിചേർന്ന് വൈറ്റ് ഹൗസിലേക്ക് മാർച്ച് ചെയ്യും. മാർച്ച് ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
കാത്തലിക്ക് ഫാമിലി മെൻ, ദ സ്റ്റേഷൻസ് ഓഫ് ദ ക്രോസ് കാത്തലിക് റേഡിയോ നെറ്റ്‌വർക്ക്, ലൈഫ് മിനിസ്ട്രീസ് യു.എസ്, ദ സിമ്പിൾ ട്രൂത്ത്, ലവ് വിൽ എൻഡ് ചൈൽഡ് കില്ലിംഗ് എന്നീ സംരംഭങ്ങളാണ് മാർച്ചിന്റെ കോ സ്‌പോൺസേഴ്‌സ്.