ലണ്ടന്‍: ഇന്ത്യന്‍ വംശജ അന്‍വി ഭൂട്ടാനി ഓക്സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഗ്ഡലന്‍ കോളജിലെ ഹ്യൂമന്‍ സയന്‍സസ് വിദ്യാര്‍ഥിയാണ് അന്‍വി. 2021-22 അധ്യയനവര്‍ഷത്തെ ഉപതിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി സര്‍വകലാശാല വ്യാഴാഴ്ച രാത്രിയോടെ പ്രഖ്യാപിക്കുകയായിരുന്നു. റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിലാണ് അന്‍വി വിജയിയായത്.
സര്‍വകലാശാലയിലെ ജീവിത സാഹചര്യം, ക്ഷേമ സേവനങ്ങള്‍, അച്ചടക്ക നടപടികള്‍, പാഠ്യപദ്ധതി വൈവിധ്യവല്‍ക്കരണം തുടങ്ങിയവയ്ക്കാണ് പ്രകടന പത്രികയില്‍ അന്‍വി മുന്‍ഗണന നല്‍കിയിരുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയിലെ വംശീയതയ്ക്കെതിരായ ബോധവല്‍ക്കരണത്തിനും സമത്വത്തിനുമായുള്ള കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്സനും ഓക്‌സ്ഫഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റുമാണ് അന്‍വി.
ഫെബ്രുവരിയില്‍ ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ സ്ഥാനമൊഴിയേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ഥി രശ്മി സമന്ത് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.