കാര്‍ടൂം: ഇന്ത്യയില്‍ നിന്നുള്ളവരെ വിലക്കി ആഫ്രിക്കന്‍ രാജ്യമായ സുഡാനും. രണ്ടാഴ്ച ഇന്ത്യയില്‍ ചെലവഴിച്ചവര്‍ സുഡാനിലേക്കു വരുന്നത് വിലക്കിയതായി രാജ്യത്തെ ആരോഗ്യ അടിയന്തര സമിതിയുടെ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ളതും കൂടുതല്‍ മാരകവുമായ ബി. 1.617 വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് വിലക്ക്്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സുഡാനില്‍ കോവിഡ് കേസുകള്‍ ജൂണ്‍ പകുതിയോടെ ഒരു ലക്ഷത്തിലെത്തുമെന്ന് ആരോഗ്യ അടിയന്തര സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ്് സുഡാനിലെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ കിടക്കകള്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ഈജിപ്തില്‍നിന്നും എത്യോപ്യയില്‍നിന്നും സുഡാനിലെത്തിയ യാത്രക്കാര്‍ക്ക് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തും. കോവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളാണ് സുഡാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സ്‌കൂളുകളും സര്‍വകലാശാലകളും ഒരു മാസത്തേക്ക് അടച്ചുപൂട്ടാനും വലിയ പൊതുസമ്മേളനങ്ങളും കൂട്ട പ്രാര്‍ത്ഥനകളും നിയന്ത്രിക്കാനും തീരുമാനിച്ചു. മാര്‍ക്കറ്റുകള്‍, ജോലിസ്ഥലം, പൊതുഗതാഗതം എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നതും നിര്‍ബന്ധമാക്കി. മേയ് 16 വരെ 34,707 ലധികം കേസുകള്‍ രാജ്യത്ത്് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കുറഞ്ഞ പരിശോധനാ നിരക്ക് കണക്കിലെടുക്കുമ്പോള്‍ യഥാര്‍ഥ സംഖ്യ വളരെ ഉയര്‍ന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.