കാലാവസ്ഥാ വ്യതിയാനം: ഓസ്‌ട്രേലിയയില്‍ പഠിപ്പുമുടക്കി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി

കാലാവസ്ഥാ വ്യതിയാനം: ഓസ്‌ട്രേലിയയില്‍ പഠിപ്പുമുടക്കി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി

സിഡ്‌നി: കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലുടനീളം ക്ലാസ് മുറികള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ബ്രിസ്ബന്‍, മെല്‍ബണ്‍, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലെ നിരത്തുകളില്‍ പ്രതിഷേധക്കടല്‍ തീര്‍ത്തതത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയ കുട്ടികളുടെ പ്ലക്കാര്‍ഡുകള്‍ ശ്രദ്ധേയമായി.

'നിങ്ങള്‍ പ്രായമായി മരിക്കും; ഞങ്ങള്‍ കാലാവസ്ഥ വ്യതിയാനം മൂലം മരിക്കും, 'സിസ്റ്റം മാറട്ടെ; കാലാവസ്ഥ മാറണ്ട', 'സമ്പന്നരെ ഒഴിവാക്കി ഭൂമിയെ രക്ഷിക്കൂ', ഞങ്ങളുടെ ഭൂമിയെ രക്ഷിക്കൂ; ഞങ്ങളെ രക്ഷിക്കൂ തുടങ്ങി ഭാവിയെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്നതായിരുന്നു പ്ലക്കാര്‍ഡുകളിലെ ഓരോ വാക്യങ്ങളും.



കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ ഹരിത വാതകങ്ങളുടെ അമിതമായ ബഹിര്‍ഗമനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭൂമിയുടെ സംരക്ഷണത്തിനായി അബോറിജിനല്‍സ്, ടോറസ് സ്‌ട്രെയിറ്റ് ഐലന്‍ഡര്‍ എന്നീ വിഭാഗക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ ഉപയോഗപ്പെടുത്തുക, കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ധനസഹായം നല്‍കുക, 2030 ആകുമ്പോള്‍ സമ്പദ് വ്യവസ്ഥയെ 100 ശതമാനം പുനഃരുപയോഗ ഊര്‍ജത്തിലേക്ക് മാറ്റുന്ന പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുക എന്നിവയാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പുതിയ വാതക ഊര്‍ജ്ജ നിലയം സ്ഥാപിക്കാന്‍ 600 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് മോറിസണ്‍ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമരം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സമരം നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. സിഡ്നിയില്‍ പ്രതിഷേധക്കാര്‍ ടൗണ്‍ഹാളില്‍ നിന്ന് പ്രിന്‍സ് ആല്‍ഫ്രഡ് പാര്‍ക്കിലേക്കു മാര്‍ച്ച് നടത്തി.


തലസ്ഥാന നഗരങ്ങളില്‍ നടന്ന സമരങ്ങളില്‍ അയ്യായിരം മുതല്‍ പതിനായിരം വരെ വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. നിരവധി പേര്‍ പിന്തുണയുമായും എത്തി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചിട്ടു.

2019-ലും ഓസ്‌ട്രേലിയയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രകൃതി സംരക്ഷണത്തിനായി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ നടത്തുന്ന കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്‌കൂള്‍ സമരത്തിന്റെ (ടരവീീഹ േെൃശസല ളീൃ രഹശാമലേ) ഭാഗമായാണ് ഓസ്‌ട്രേലിയയിലും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.