കടുന: നൈജീരിയയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് സൈനിക മേധാവി ലഫ്. ജനറല്‍ ഇബ്രാഹിം അത്തഹിരു കൊല്ലപ്പെട്ടു. ഔദ്യോഗിക സന്ദര്‍ശനത്തിനായി കടുനയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഒപ്പം സഞ്ചരിച്ച ആര്‍മി ജനറല്‍ ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
കടുന വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ നൈജീരിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സൈനിക മേധാവിയായി ഇബ്രാഹിം അത്തഹിരു ചുമതലയേറ്റത്. അദ്ദേഹത്തിന് നിരവധി ഇസ്ലാമിക് ഭീകര സംഘടനകളില്‍ നിന്നും കലാപകാരികളില്‍നിന്നും ഭീഷണി നേരിട്ടിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അനുശോചനം രേഖപ്പെടുത്തി. ഇബ്രാഹിം അത്തഹിരു സുരക്ഷാ വെല്ലുവിളികള്‍ നേരിട്ടിരുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. തീവ്രവാദികളില്‍നിന്ന് രാജ്യം നേരിടുന്ന ഭീഷണികള്‍ക്കെതിരേ സൈന്യം ശക്തമായി പോരാടുമ്പോഴുണ്ടായ ഈ നഷ്ടം കനത്ത പ്രഹരമാണെന്നു പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് വ്യോമസേന വിമാനം തകര്‍ന്ന് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിമാനം തകര്‍ന്ന് ഏഴ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയ സുരക്ഷയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. ബോക്കോ ഹറാം, ഐ.എസ്. അനുഭാവമുള്ള തീവ്രവാദികള്‍, പ്രാദേശിക സായുധ സംഘങ്ങള്‍ എന്നിവ രാജ്യത്ത് കലാപങ്ങളും ആക്രമണങ്ങളും വ്യാപകമായി അഴിച്ചുവിടുന്നുണ്ട്. ഇതുകൂടാതെയാണ് സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളും നടക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ജനുവരിയില്‍ അത്തഹിരുവിനെയും മറ്റ് മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെയും പ്രസിഡന്റ് നിയമിച്ചത്. സൈനിക മേധാവിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരുമ്പോഴാണ് അപകടത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടമാകുന്നത്.
മതനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ 30,000 പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ക്കു വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.