ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് താരം അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മേയ് നാലിന് 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും സംഘവും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ഡല്‍ഹി കോടതി സുശീല്‍ കുമാറിനും മറ്റ് ഒൻപത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.