ബെജിയിംഗ്: ചൈനയില്‍ കനത്ത മഞ്ഞുമഴയില്‍പ്പെട്ട് മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു. അതിശക്തമായ മഴയും ആലിപ്പഴം വീഴ്ച്ചയും കാറ്റുമാണ് ദുരന്തത്തിന് കാരണം. ശനിയാഴ്ചയാണ് ഉച്ചയോടെയാണു സംഭവം. വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ബൈയിന്‍ സിറ്റിക്ക് സമീപം യെല്ലോ റിവര്‍ സ്റ്റോണ്‍ ഫോറസ്റ്റിലാണ് മത്സരം നടന്നത്. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള മേഖലയാണിത്. 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്ടെയ്ന്‍ മാരത്തണിന്റെ 21-31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായത്.
അപ്രതീക്ഷിതമായി പ്രദേശത്ത് അതിശക്തമായ ആലിപ്പഴ വര്‍ഷവും മഞ്ഞുമഴയും കാറ്റും വീശുകയായിരുന്നു. ഇതാണ് അപകടകാരണണെന്ന് ബൈയിന്‍ സിറ്റി മേയര്‍ പറഞ്ഞു.
മാരത്തണില്‍ പങ്കെടുത്തവരെ രക്ഷിക്കണമെന്നു സന്ദേശം ലഭിച്ചതിന് പിന്നാലെ സംഘാടകര്‍ രക്ഷാസംഘത്തെ അയച്ചു. 18 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 172 പേരായിരുന്നു മാരത്തണില്‍ പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാലാവസ്ഥ വീണ്ടും മോശമായതിനെ തുടര്‍ന്ന് മാരത്തണ്‍ റദ്ദാക്കി.