കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം. ജനവാസമേഖലയിലേക്കു ലാവ ഒലിച്ചിറങ്ങിയതിനെതുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. പ്രധാന നഗരമായ ഗോമയ്ക്ക് സമീപമുള്ള നൈരാ ഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് ശനിയാഴ്ച പൊട്ടിത്തെറിച്ചത്. ഗോമയിലെ വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെ ലാവ എത്തിയതായി അധികൃതര്‍ അറിയിച്ചു. ഏകദേശം 20 ലക്ഷം ആളുകളാണ് നഗരത്തില്‍ താമസിക്കുന്നത്.
നഗരത്തിലേക്കു ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരാകുകയും കൈയ്യില്‍ കിട്ടിയതൊക്കെ എടുത്ത് രാത്രിയോടെ വീടുകള്‍ ഉപേക്ഷിച്ച് സമീപ രാജ്യമായ റുവാന്‍ഡയുടെ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പലായനം ചെയ്യുകയും ചെയ്തു. ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെ ആയിരക്കണക്കിനു പേര്‍ വഴിയാധാരമായി. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ സമ ലുക്കോന്‍ഡെ അടിയന്തര യോഗം വിളിച്ചു. ലാവയുടെ തീവ്രത കുറഞ്ഞതായാണ് വിവരം. പലായനം ചെയ്തവരെ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും പാര്‍പ്പിച്ചു.
2002-ലാണ് നൈരാഗോംഗോ ഇതിനു മുന്‍പ് പൊട്ടിത്തെറിച്ചത്. ഇതില്‍ 250 പേര്‍ കൊല്ലപ്പെടുകയും 120,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് നൈരാഗോംഗോ. ഏറ്റവും അപകടകരമായ അഗ്‌നിപര്‍വതമായാണ് ഇതിനെ കണക്കാക്കുന്നത്.