ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടേതെന്ന് സംശയിക്കുന്ന നൂറ് കണക്കിന് മൃതദേഹങ്ങള്‍ ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയതിന് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിൽ തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ ആരോപിച്ചു .
“മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസിലാക്കണം" – രാഹുല്‍ ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ കോവിഡ് നയങ്ങളെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍.