മുംബൈ ബാര്‍ജ് ദുരന്തം: മരണം 86; മലയാളികള്‍ എട്ട് പേര്‍

മുംബൈ ബാര്‍ജ് ദുരന്തം: മരണം 86; മലയാളികള്‍ എട്ട് പേര്‍

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ ബാര്‍ജും ടഗ് ബോട്ടും മുങ്ങിയുണ്ടായ അപകടത്തില്‍ 86 പേര്‍ മരിച്ചതായി നാവികസേന. അപകടത്തില്‍ പെട്ട മുഴുവന്‍ പേരെയും കണ്ടെത്തിയതായും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും നാവിക സേന വക്താവ് അറിയിച്ചു. ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. പത്തനംതിട്ട, അടൂര്‍ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് ബന്ധുക്കള്‍ തിങ്കളാഴ്ച തിരിച്ചറിഞ്ഞത്.

മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ ബാര്‍ജില്‍ ഉണ്ടായിരുന്നവരുടേതെന്ന് ഉറപ്പിച്ചതോടെയാണ് അപകടത്തില്‍പെട്ട മുഴുവന്‍ പേരെയും കണ്ടെത്തിയതായി നാവിക സേന അറിയിച്ചത്. പി 305 ബാര്‍ജിലെ 261 പേരും വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തില്‍ പെട്ടത്. 188 പേരെ നാവികസേനയും തീരരക്ഷാ സേനയും കടലില്‍നിന്നു രക്ഷിച്ചു. 70 മൃതദേഹങ്ങളാണു കടലില്‍ നിന്നു കണ്ടെത്തിയത്. എട്ട് മൃതദേഹങ്ങള്‍ ഗുജറാത്തിലെ കടല്‍തീരത്ത് നിന്നും എട്ട് മൃതദേഹങ്ങള്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് നിന്നും കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ 86 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ കണ്ടെത്തിയ മുഴുവന്‍ മൃതദേഹവും തിരിച്ചറിഞ്ഞതിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.