ക്വാലാലംപൂര്‍: മലേഷ്യയില്‍ തുരങ്കത്തില്‍ രണ്ട് മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 47 പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി 8.45 നായിരുന്നു അപകടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട ഗോപുരങ്ങളിലൊന്നായ ക്വാലാലംപൂരിലെ പെട്രോനാസ് ടവേഴ്സിന് സമീപമുള്ള തുരങ്കത്തില്‍ യാത്രക്കാരില്ലാതെ പരീക്ഷണ ഓട്ടം നടത്തുകയായിരുന്ന ട്രെയിനുമായി മറ്റൊരു ട്രെയിന്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ടെറിറ്ററി മിനിസ്റ്റര്‍ അനുര്‍ മൂസ പറഞ്ഞു.
23 വര്‍ഷം പഴക്കമുള്ള മെട്രോ സംവിധാനത്തിന് സംഭവിച്ച ആദ്യത്തെ വലിയ അപകടമാണിത്. പരുക്കേറ്റവരെ ക്വാലാലംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംപാങ് സ്‌റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സെന്ററിലെ ആശയവിനിമയത്തിലുണ്ടായ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.