കര്‍ഷകര്‍ക്കെതിരായ ആക്രമണം: കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാറിനോടും അഭിപ്രായം തേടി ഹൈക്കോടതി

കര്‍ഷകര്‍ക്കെതിരായ ആക്രമണം: കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാറിനോടും അഭിപ്രായം തേടി ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഡല്‍ഹി സര്‍ക്കാറിന്റെയും അഭിപ്രായം തേടി ഡല്‍ഹി ഹൈക്കോടതി.

സി.ബി.ഐ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ വനിതാ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിപ്രായം കോടതി തേടിയത്.

കര്‍ഷകര്‍ക്ക് എതിരായ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. ജനുവരി 29നാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ക്യാമ്പുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പൊലീസിന്‍റെ കൂടി സഹായത്തോടെയാണ് കര്‍ഷകരെ ക്രൂരമായി ആക്രമിച്ചതെന്ന് ഹർജിയില്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ഹർജിക്കാര്‍ വ്യക്തമാക്കി.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ആറുമാസം പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കര്‍ഷകര്‍ രാജ്യവ്യാപകമായി കരിദിനാചരണം നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.