ബെംഗളൂരു:കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്‌ക്കെതിരെ ഭരണകഷി എം.എല്‍.എ.മാരും മന്ത്രിമാരും. ഭരണകക്ഷിയായ ബി.ജെ.പി.യിലെ ഒരുവിഭാഗം എം.എല്‍.എ.മാരും മന്ത്രിമാരുമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ടൂറിസം മന്ത്രി സി.പി.യോഗേശ്വര്‍, ഹുബ്ബള്ളി-ധാര്‍വാഡ്(വെസ്റ്റ്)എം.എല്‍.എ. അരവിന്ദ് ബെല്ലാഡ് എന്നിവര്‍ കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇതോടെ, മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് യെദ്യൂരപ്പയെ മാറ്റുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.
മുഖ്യമന്ത്രിയെ മാറ്റുന്നതിനായി ചില മന്ത്രിമാരും പാര്‍ട്ടി എം.എല്‍.എ.മാരും ശ്രമം നടത്തുന്നുണ്ടെന്ന് റവന്യൂമന്ത്രി ആര്‍.അശോക് സമ്മതിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതായി ബോധ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെ, യെദ്യൂരപ്പയെ മാറ്റാന്‍ ആഗ്രഹിക്കുന്ന എം.എല്‍.എ.മാര്‍ ബെംഗളൂരുവിലും ഹുബ്ബള്ളിയിലും ഒത്തുചേര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സി.പി.യോഗേശ്വര്‍ ഡല്‍ഹിയിലെത്തിയത്. അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ അവസാനിക്കുന്ന ജൂണ്‍ ഏഴിനുശേഷം നിയമസഭാകക്ഷിയോഗം വിളിക്കാന്‍ കേന്ദ്രനേതൃത്വം യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായും വാര്‍ത്തയുണ്ട്.