മിന്‍സ്‌ക്: യാത്രാവിമാനം 'റാഞ്ചി' മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബലാറസിന് പരോക്ഷ പിന്തുണയുമായി റഷ്യ. ബലാറസിന്റെ വ്യോമ അതിര്‍ത്തി ഒഴിവാക്കുന്ന യൂറോപ്യന്‍ വിമാന സര്‍വീസുകളെ റഷ്യ തടയുന്നതായി വിമാനക്കമ്പനികള്‍ പരാതി ഉന്നയിച്ചു.
ഞായറാഴ്ചയാണ് ഗ്രീസിലെ ഏതന്‍സില്‍നിന്നു ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിലേക്ക് പോയ റെയ്ന്‍ എയറിന്റെ യാത്രാവിമാനം ബലാറസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. 171 യാത്രക്കാരുമായി പോയ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ചാണ് ബലാറസില്‍ അടിയന്തരമായി ഇറക്കിയത്. മിഗ്-29 വിമാനം പിന്നാലെ അയച്ച് യാത്രാവിമാനത്തിന് മാര്‍ഗതടസം സൃഷിക്കുകയും ചെയ്തു. പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ റോമന്‍ പ്രൊട്ടാസെവിച്ചിനെ (26) അറസ്റ്റ് ചെയ്യാനായിരുന്നു ഈ നാടകം. പ്രൊട്ടാസെവിച്ചിനൊപ്പം വനിതാ സുഹൃത്ത് സോഫിയയും (23) അറസ്റ്റിലായി.
സംഭവത്തെതുടര്‍ന്ന് ബലാറസിന്റെ വ്യോമ അതിര്‍ത്തി ഒഴിവാക്കാനും അവിടുന്നുള്ള വിമാനങ്ങളെ ബഹിഷ്‌കരിക്കാനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സ്വന്തം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബലാറസ് വ്യോമാതിര്‍ത്തി ഒഴിവാക്കി മറ്റൊരു റൂട്ടിന് റഷ്യന്‍ അധികൃതര്‍ അംഗീകാരം നല്‍കിയില്ല. ഇതേതുടര്‍ന്ന് വിയന്ന-മോസ്‌കോ വിമാനം റദ്ദാക്കിയതായി ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇതേ കാരണത്താല്‍ ബുധനാഴ്ച പാരീസില്‍ നിന്ന് മോസ്‌കോയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനവും റദ്ദാക്കേണ്ടിവന്നു.
അറസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബലാറസിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് റഷ്യ യൂറോപ്യന്‍ വിമാനങ്ങളെ തടയുന്നതെന്ന് വിമാനക്കമ്പനികള്‍ വെളിപ്പെടുത്തി. യാത്രാ വിമാനം തട്ടിയെടുത്തതില്‍ വലിയ പ്രതിഷേധവും ആശങ്കയുമാണ് ലോകനേതാക്കള്‍ പങ്കുവച്ചത്. ബലാറസിന് എതിരേ വിവിധ ഉപരോധങ്ങളും യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
അതേസമയം, മകന്റെ മോചനത്തിനായി അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാവണമെന്ന് പ്രോട്ടാസെവിച്ചിന്റെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചു.
അറസ്റ്റിലായശേഷം മകനുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് കുടുംബവും അഭിഭാഷകനും സ്ഥിരീകരിച്ചു.
പ്രോട്ടാസെവിച്ചിനെ വിട്ടയക്കണമെന്ന് ജി 7 രാജ്യങ്ങളും ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ ബലാറസിനു മേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ഉയര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ താന്‍ ആരോഗ്യവാനാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നുവെന്നും പറയുന്ന മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയും പുറത്തുവന്നു. പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയെന്ന് പ്രോട്ടാസെവിച്ച് കുറ്റസമ്മതവും നടത്തുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ശരിയായ രീതിയിലാണ് പോലീസ് പെരുമാറുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. പ്രോട്ടാസെവിച്ചിനെ പീഡിപ്പിച്ചതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന്റെ പ്രത്യാഘാതം ബലാറസ് അനുഭവിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും, രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും എതിരാണ് അറസ്‌റ്റെന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡനും കുറ്റപ്പെടുത്തി.
വിമാനം വഴിതിരിച്ചുവിട്ടതു സംബന്ധിച്ച് അന്വേഷണം ആരംഭിക്കുമെന്ന് യുഎന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചു.