വെള്ളവും വള്ളവും കഥയോതിയ നാട്
കായലും വയലും നൃത്തമാടിയ നാട്
തെന്നലും തെങ്ങും താരാട്ടുപാടിയ നാട്
പാലവും പുഴയും പുഞ്ചിരിതൂകിയ നാട്
അത്ര പ്രകൃതിരമണീയമായ പ്രദേശം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ പ്രധാനിയായ ദേശം. ലോകത്തിനു മുന്നില്‍ കേരളത്തിന്റെ പെരുമ പെരുപ്പിച്ച കായല്‍പ്പരപ്പ്. മനസ്സില്‍ കുളിര്‍മ്മ പകരുന്ന അതിമനോഹര ദൃശ്യാനുഭവമാണു കുട്ടനാട്. ജലനിരപ്പില്‍ നിന്നും രണ്ടു മീറ്ററിലേറെ ആഴത്തില്‍ കൃഷിയിറക്കുന്ന ലോകത്തിലെ ഏകയിടം. സംസ്ഥാനത്തെ 44 നദികളില്‍ നാലെണ്ണമായ പമ്പയും മീനച്ചിലും അച്ചന്‍കോവിലും മണിമലയും സമ്മാനിക്കുന്ന ജലസമൃദ്ധി. കണ്ണുകളെ ത്രസിപ്പിച്ചു കൊഞ്ചിയാടുന്ന കാഞ്ചനവയലുകള്‍. എത്ര വര്‍ണ്ണിച്ചാലും വിരസമാവാത്ത ദൃശ്യവിരുന്ന്.
ഇന്നു ഏകദേശം 20 ലക്ഷത്തോളം വരുന്ന കുട്ടനാട്ടുകാരുടെ കണ്ണുകളില്‍ ഈ കാഴ്ചകള്‍ മിഴിവേകുന്നില്ല. മറ്റുള്ളവര്‍ക്കായി സുന്ദരനിമിഷങ്ങള്‍ ഒരുക്കിയ കുട്ടനാട്ടുകാര്‍ക്കു ഇന്നാഭംഗി ആസ്വാദനമായി മാറുന്നില്ല. കുട്ടനാടിനു പഴയ തെളിമയും പുഞ്ചിരിയുമില്ല. ദുരന്തങ്ങളാല്‍ കരയുകയാണു കുട്ടനാട്. ചുറ്റും വെള്ളത്താല്‍ നിറഞ്ഞ നാട്ടില്‍ നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ച ഹൃദയഭേദകമാണ്. വെള്ളപൊക്കവും അഴകേറിയ പുഴയുടെ ഒഴുക്കുമൊക്കെ ആവോളം ആസ്വദിച്ചു ജീവിച്ചിരുന്ന കാലമൊക്കെയിന്നു ഓര്‍മ്മയായി. 2018 ലെ പ്രളയവും 2019 ലെ വെള്ളപൊക്കവുമൊക്കെ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്നും നാമൊന്നും കരകയറിയിട്ടില്ല. മഴയെ ഗൃഹാതുരത്വത്തോടെ കണ്ടിരുന്ന ഓരോ കുട്ടനാട്ടുകാരനും ഇന്നു മഴയൊരു ഭീതിയായി മാറിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങാതെ നാടിനെ വേദനിപ്പിക്കുന്നു. നാടും നമോരോരുത്തരും അതിജീവനത്തിനായി കഠിനമായി അദ്ധ്വാനിക്കുകയാണിന്ന്.
കേരളത്തെ മനോഹരിയാക്കുന്ന കുട്ടനാടിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും താത്ക്കാലിക സമാശ്വാസങ്ങള്‍ക്കും പെട്ടെന്നുള്ള പദ്ധതികള്‍ക്കും ഒന്നും ചെയ്യുവാന്‍ സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നാം കണ്ടുകഴിഞ്ഞു. അതിനു ആഴത്തിലുള്ള പഠനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയേ മതിയാവൂ. അല്ലെങ്കില്‍ കാലതാമസംവിനാ പ്രകൃതിയുടെ മടിത്തട്ടായ ഈ ഭൂപ്രദേശം ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുമെന്നതു നിസ്തര്‍ക്കമായ വസ്തുതയാണ്. ഡോ. എം. എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കുട്ടനാട് പാക്കേജുമെല്ലാം നമ്മെ തീരമണക്കുമെന്നു പ്രതീക്ഷയോടെ കാത്തിരുന്നു ഓരോ കുട്ടനാട്ടുകാരും, എന്നാല്‍ ഇതുവരെ അതു സാധ്യമായിട്ടില്ല. ഓരോ കുട്ടനാട്ടുകാരന്റേയും ജീവിതനൗക ഇപ്പോഴും പലവിധ പ്രശ്‌നങ്ങളാകുന്ന തിരകളാല്‍ ഉലയുകയാണ്. കുട്ടനാടിന്റെ അതിജീവനത്തിനായി വിവിധ തലങ്ങളില്‍ പദ്ധതികള്‍ ഒരേസമയം നടപ്പാക്കപ്പെടണം. കുട്ടനാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അനവധിയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതു പ്രളയങ്ങളുടെ താണ്ഡവമാണ്. ഒപ്പംതന്നെ കൃഷിനാശങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ പാളിച്ചകള്‍, കുടിവെള്ള പ്രശ്ങ്ങള്‍ അങ്ങനെ പോകുന്നു അവന്റെ നൊമ്പരങ്ങള്‍. അതിജീവന പദ്ധതികള്‍ വിവിധ തലങ്ങളില്‍ ഒരേസമയം നടപ്പാക്കിയാല്‍ മാത്രമേ നമുക്കു കരകയറാന്‍ സാധിക്കൂ. അതേപോലെ തന്നെ പദ്ധതികളുടെ കൃത്യമായ ഏകോപനവും പ്രധാനമാണ്.
2007 ലാണ് കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കുട്ടനാട്ടുകാരന്‍ കൂടിയായ ഡോ. എം. എസ്. സ്വാമിനാഥനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സ്വാമിനാഥന്റെ പഠനം കൃഷിയില്‍ മാത്രം ഒതുങ്ങിയില്ല. കാര്‍ഷികാനുബന്ധമേഖലകളിലും, വെള്ളപ്പൊക്കക്കെടുതികള്‍ അമര്‍ച്ച ചെയ്യുന്നതിലും അദ്ദേഹം പഠനം നടത്തി. 2008 ജൂലൈയില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നടപടികള്‍ ആരംഭിച്ചു. 2010 സെപ്റ്റംബറില്‍ ഔദ്യോഗിക ഉത്ഘാടനവും നടന്നു. ഈ പാക്കേജു പ്രഖ്യാപിച്ചശേഷം കുട്ടനാടിനെ മൂന്നു വലിയ വെള്ളപ്പൊക്കങ്ങള്‍ മുക്കി കടന്നുപോയി. കുട്ടനാടു പാക്കേജിലെ ചെറുതും വലുതുമായ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്നതു ഇന്നും കൃത്യത ഇല്ലാത്ത കാര്യമാണ്.
പാക്കേജിലെ പ്രധാന ശുപാര്‍ശകള്‍:
1. കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുക.
2. തണ്ണീര്‍മുക്കം ബണ്ടിന്റേയും തോട്ടപ്പള്ളി സ്പില്‍വേയുടേയും നവീകരണം പൂര്‍ത്തിയാക്കുക.
3. ആലപ്പുഴ - ചങ്ങനാശ്ശേരി കനാല്‍ ആഴം കൂട്ടി ഒഴുക്കു സുഗമമാക്കുക.
4. കായല്‍ നിലങ്ങളുടേയും പാടശേഖരങ്ങളുടേയും പുറംബണ്ട് ബലപ്പെടുത്തുക.
5. കുട്ടനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിക്കുക.
6. കാര്‍ഷിക കലണ്ടര്‍ നടപ്പാക്കുക.
7. കാര്‍ഷികയന്ത്രങ്ങള്‍ ആവശ്യത്തിനു വാങ്ങുക
8. ഗവേഷണ, വികസന പരിശീലനകേന്ദ്രം, നെല്ലു സംഭരണകേന്ദ്രം.
9. നാളികേര വികസനം, പഴം, പച്ചക്കറി കൃഷി വിപണനം.
10. ഉള്‍നാടന്‍ മത്സ്യ വികസനം.
11. ഫാം ടൂറിസം.
12. നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം.
13. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹനം.
ഇതില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതു പ്രളയത്തെ അതിജീവിക്കലും, കൃഷിയുടെ സംരക്ഷണവും, പുഴകളുടേയും തോടുകളുടേയും ആഴം കൂട്ടലും ശുദ്ധീകരണവും ഒപ്പംതന്നെ നൂതന മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുമാണ്. പാക്കേജു പ്രഖ്യാപിച്ചിട്ടു വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരമായിട്ടില്ല എന്നതാണു വാസ്തവം. ഇനിയെങ്കിലും കുട്ടനാടിനെ കരകയറ്റണമെങ്കില്‍, കുട്ടനാടിന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പാക്കേജുകളും പഠനങ്ങളും നാമമാത്രമായി അവശേഷിക്കാതെ, കുട്ടനാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന താത്കാലികാശ്വാസമായി മാത്രം ഒതുങ്ങാതെ, തലമുറകള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യപ്പെടുകയും നടത്തപ്പെടുകയും വേണം. അതും മറ്റൊരു ദുരന്തത്തിന്റെ വരവിനായി കാത്തിരിക്കാതെ ചടുലതയില്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണം.
പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അവ പേരില്‍ മാത്രമൊതുങ്ങാതെ കാര്യക്ഷമമായി നടപ്പാക്കാനുള്ള ചില നിര്‍ദേശങ്ങള്‍:
1. ചെറുതും വലുതുമായ പദ്ധതികളുടെ കൃത്യമായ ഏകോപനം ഘട്ടംഘട്ടമായി നടപ്പാക്കപ്പെടണം.
2. പദ്ധതിയുടെ മേല്‍നോട്ടം അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം.
3. ഓരോ പദ്ധതികളും നടപ്പാക്കുന്നതിനു മുന്നോടിയായി അതുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠനങ്ങള്‍ വിശദമായി നടത്തപ്പെടണം.
4. പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കപ്പെടണം.
5. വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ള പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പുഴകളുടേയും കായലുകളുടേയും ശുദ്ധീകരണം, ആഴംകൂട്ടല്‍, അതിന്റെ ഒഴുക്ക്, പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കു അടിയന്തിര പ്രാധാന്യം പദ്ധതിയില്‍ നല്‍കണം.
'ദൈവത്തിന്റെ സ്വന്തം നാടാക്കി' കേരളത്തെ ഉയര്‍ത്തിയ ദേശമിന്നു 'ദുരന്തങ്ങളുടെ അലകള്‍ അലട്ടിയ നാടായി' മാറി. കുട്ടനാടിന്റെ നൊമ്പരം ഇന്നു കാണേണ്ടവര്‍ കാണാതെ പോയാല്‍ നാളെ പ്രകൃതിയുടെ വരദാനമായ ഈ ഭൂപ്രദേശം ഭൂപടത്തില്‍ കണ്ടൂ എന്നു വരികയില്ല. കായലിന്റെ അഴകും ആഴവുമറിഞ്ഞ കുട്ടനാട്ടുകാരുടെ മനമെല്ലാം അഴകില്ലാത്ത ആഴമറിയാത്ത അഴലിന്റെ ആഴിയായി മാറിയിരിക്കുന്നു.
'കണ്ണുതുറക്കേണ്ടവര്‍ കണ്ണു തുറന്നു തന്നെ കാണണം കുട്ടനാടിന്റെ കിതപ്പും കണ്ണീരും'
നമുക്കൊരുമിക്കാം
നമ്മുടെ നാടിനായ്
നല്ലൊരു നാളേക്കായ്