ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്കെതിരെ ഹിമാചല്‍ പ്രദേശ് പൊലീസ് ചുമത്തിയ രാജ്യദ്രോഹ കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ യു.യു ലളിത്, വിനിത ശരണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് നടപടി.
കേദാര്‍ സിംഗ് കേസിലെ സുപ്രീം കോടതിയുടെ വിധി പ്രകാരമുള്ള സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയെന്നത് കേദാര്‍ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രധാനമന്ത്രിയെ വിമര്‍ശിക്കുക എന്നത് രാജ്യദ്രോഹകുറ്റമാകില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹ കേസുകളില്‍ നിന്നുമുള്ള സംരക്ഷണം ആവശ്യമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയില്‍ വിനോദ് ദുവ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.
തിരഞ്ഞെടുപ്പ് ജയിക്കാനായി മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപയോഗിക്കുന്നു എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഹിമാചല്‍ പ്രദേശിലെ അജയ് ശ്യാം എന്ന ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിന്മേലാണ് സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തന്റെ വീഡിയോയിലൂടെ മാധ്യമ പ്രവര്‍ത്തകന്‍ വര്‍ഗീയ വികാരം ഇളക്കിവിടുകയാണെന്നും വ്യാജ പ്രചരണം നടത്തുകയാണെന്നും ബിജെപി പ്രവര്‍ത്തകന്‍ തന്റെ പരാതിയില്‍ പറഞ്ഞിരുന്നു.