ന്യൂഡല്‍ഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിൽ സംശയവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രിയുടെ പുതിയ വാക്സിന്‍ നയത്തില്‍ വളരെ ലളിതമായ ഒരു സംശയമാണ് തനിക്ക് ചോദിക്കാനുള്ളതെന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിന്‍ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് സംവരണം ചെയ്തിരുന്നു.
ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്തെ 18ന് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം. വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 75 % വാക്സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നും, 25 % സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.