അഞ്ച് വയസിന് താഴെയുള്ളവര്‍ക്ക് മാസ്‌ക് വേണ്ട : മാര്‍ഗനിര്‍ദേശവുമായി ഡിജിഎച്ച്‌എസ്

അഞ്ച് വയസിന് താഴെയുള്ളവര്‍ക്ക് മാസ്‌ക് വേണ്ട : മാര്‍ഗനിര്‍ദേശവുമായി  ഡിജിഎച്ച്‌എസ്

ന്യൂഡല്‍ഹി: അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്‌എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം തന്നെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. അതുപോലെ തന്നെ സാമൂഹിക അകലം പാലിക്കേണ്ടതും നിര്‍ബന്ധമാണ്. എന്നാല്‍
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. അഞ്ച് വയസോ, അതിന് താഴെയോ പ്രായമുള്ള കുഞ്ഞുങ്ങളെ മാസ്‌ക് ധരിപ്പിക്കേണ്ടതില്ലെന്നാണ് മാര്‍ഗനിര്‍ദേശം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ നിര്‍ബന്ധമായും വേണം. 

ആറ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ അവര്‍ക്ക് പാകമാകുന്ന തരത്തിലുള്ള മാസ്‌ക് ധരിപ്പിക്കുകയും. അത് ധരിക്കുന്നത് മുതല്‍ ഒഴിവാക്കുന്നത് വരെ അവരെ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂക്കും വായും മൂടിയ നിലയില്‍ തന്നെയാണ് മാസ്‌ക് ധരിച്ചിരിക്കുന്നതെന്നും, മാസ്‌കില്‍ കൈ കൊണ്ട് സ്പര്‍ശിക്കുന്നില്ലെന്നും, മറ്റുള്ളവരുടെ മാസ്‌കുമായി കൈമാറുന്നില്ലെന്നും മുതിര്‍ന്നവര്‍ നിരന്തരം ഉറപ്പിക്കുക. 

11 മുതല്‍ മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇതിനായി മാതാപിതാക്കളോ, മറ്റ് മുതിര്‍ന്നവരോ അവരെ കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ടെന്നും നിർദേശത്തിൽ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.