തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് 7719 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. 161 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.
തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂർ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂർ 339, പത്തനംതിട്ട 327, കാസർഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേർ രോഗമുക്തി നേടി. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,25,331 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,95,279 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,052 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1915 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. നിലവിൽ ആകെ 881 ഹോട്ട് സ്പോട്ടുകളാണുള്ളത്.