ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ തുടര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പാഠ്യപദ്ധതിയില്‍ ഇടപെടരുതെന്നും സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
മുഖ്യമന്ത്രി വി.ഡി സതീശന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതേസമയം ഡല്‍ഹിയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായില്ല.
അതേസമയം ഉപാധികളോടെയെങ്കിലും പിഎം ശ്രീ നടപ്പാക്കണമെന്നാണ് വി.ഡി സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്. പിഎം ശ്രീ ഒപ്പിടുന്നതില്‍ വ്യക്തത തേടി നേരത്തെ സംസ്ഥാനത്തിന് കേന്ദ്രവും കത്തയച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍ പിഎം ശ്രീയില്‍ ഒപ്പിടുന്നതിനെ എതിര്‍ക്കുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശക്തമായി എതിര്‍ത്ത പദ്ധതി, ഭരണത്തിലേറിയപ്പോള്‍ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആര്‍.എസ്.എസ് അജണ്ടയാണെന്നുമാണ് ഈ നേതാക്കളുടെ വാദം.