എന്‍ജിന്‍ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞു; അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

എന്‍ജിന്‍ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞു; അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര സാഹചര്യം നേരിട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിമാനത്തില്‍ എന്‍ജിന്‍ ഓയിലിന്റെ അളവ് അതിവേഗം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

കൊച്ചി-അബുദാബി IX 415 എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനമാണ് പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് തിരിച്ചിറക്കിയത്. ഓഗസ്റ്റ് 31ന് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.

ഒന്നാം എന്‍ജിനിലെ ഓയിലിന്റെ അളവ് അതിവേഗം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ഓയില്‍ മര്‍ദ്ദം അപകടകരമായ നിലയിലെത്തിയപ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്തതായും അധികൃതരെ ഉദ്ധരിച്ച് എ.എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് വിമാനം കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.

വിമാനം പറന്നുയര്‍ന്ന് ഏകദേശം 50 മിനിറ്റിന് ശേഷം 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ഒന്നാം എന്‍ജിനിലെ ഓയിലിന്റെ അളവ് അതിവേഗം കുറയുന്നത് പൈലറ്റും കോ-പൈലറ്റും ശ്രദ്ധിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ ഫോര്‍ഡെക് വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാണ് വിമാനം ലാന്‍ഡ് ചെയ്യിച്ചത്.

പൈലറ്റുമാരും ഏവിയേഷന്‍ മേഖലയിലുള്ളവരും അടിയന്തര സാഹചര്യങ്ങളിലോ സങ്കീര്‍ണമായ സന്ദര്‍ഭങ്ങളിലോ പെട്ടെന്ന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഒരു ഡിസിഷന്‍ മേക്കിംഗ് രീതിയാണ് ഫോര്‍ഡെക്. സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ വികാര വിചാരങ്ങള്‍ക്ക് അടിപ്പെടാതെ യുക്തിസഹമായി ചിന്തിച്ച് ഏറ്റവും സുരക്ഷിതമായ മാര്‍ഗം കണ്ടെത്താനായി രൂപീകരിച്ച സംവിധാനമാണിത്.

സംഭവത്തിന് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് എത്തിച്ചതായി എയര്‍ ഇന്ത്യ എക്പ്രസ് വക്താവ് അറിയിച്ചു.

'ഒരാഴ്ച മുന്‍പ് കൊച്ചി-അബുദാബി റൂട്ടിലുള്ള ഞങ്ങളുടെ ഒരു വിമാനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തിരിച്ചിറക്കിയിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് എത്തിച്ചു.

കൃത്യമായ സമയക്രമവും സാഹചര്യവും വ്യക്തമാക്കാതെ ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്, യാത്രക്കാരിലും പൊതുജനങ്ങളിലും അനാവശ്യമായ ആശങ്കയ്ക്ക് ഇടയാക്കിയേക്കാം' എന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.