തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത കെ.സുധാകരന്‍ എം.പി. എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ജനം പ്രതീക്ഷിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിനെ മാറ്റിയെടുക്കാം. അധികാരത്തിന് പിറകെ പോകാതെ കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ച് വര്‍ഷം കഠിന പ്രയത്നം നടത്തണമെന്നും കോണ്‍ഗ്രസ് രാജ്യത്ത് തകരില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം തകരാത്തത് കോണ്‍ഗ്രസിന്റെ കരുത്തുകൊണ്ടാണ്. പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി നേതാക്കള്‍ പ്രവര്‍ത്തിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോണ്‍ഗ്രസിന് തിരികെ വരണം. പിണറായിയാണോ താനാണോ ആര്‍എസ്എസ് എന്ന് ജനം തീരുമാനിക്കും. പളളിയേയും അമ്പലത്തേയും തളളിപ്പറഞ്ഞവര്‍ ഇന്ന് വോട്ട് കിട്ടാന്‍ എന്തും ചെയ്യുകയാണെന്നും സുധാകരന്‍ പറഞ്ഞു.
ഒരുപാട് മാറ്റങ്ങള്‍ കോണ്‍ഗ്രസിലുണ്ടാകണം. തന്റെ പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസിന്റെ ഒരു ചിറക് പോലും അറ്റുപോകില്ല. ഒത്തൊരുമിച്ച് സ്ഥാനമാനങ്ങള്‍ ത്യജിച്ച് നിന്നാല്‍ ദീര്‍ഘകാലമെടുക്കാതെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാം.
കോണ്‍ഗ്രസിനെ സിപിഎമ്മിന് ഭയം ആണ്. കോണ്‍ഗ്രസ് അതിശക്തമായി തിരിച്ച് വരുമെന്ന ഭീതിയും സിപിഎമ്മിനുണ്ട്. ബിജെപിക്കാരനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടു വാങ്ങാന്‍ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമര്‍ശിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.