'ചിരിക്കുന്നവരെല്ലാം ചങ്ങാതിമാരാണെന്ന് കരുതരുത്': കെ.സുധാകരന് ചെന്നിത്തലയുടെ മുന്നറിയിപ്പ്

'ചിരിക്കുന്നവരെല്ലാം ചങ്ങാതിമാരാണെന്ന് കരുതരുത്': കെ.സുധാകരന് ചെന്നിത്തലയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ചിരിക്കുന്നവരെല്ലാം നമ്മുടെ സ്‌നേഹിതന്‍മാരാണെന്ന് കരുതരുതെന്നും മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവമാണ് തനിക്കുള്ളതെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന് അത് പാഠമാകണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്ദിരാ ഭവനില്‍ കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ്. തനിക്കെതിരേ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സുധാകരനെതിരേ ഇതേ ആരോപണം വന്നപ്പോള്‍ താന്‍ പ്രതികരിച്ചുവെന്നും അതായിരിക്കണം കോണ്‍ഗ്രസുകാരുടെ വികാരമെന്നും വ്യക്തമാക്കി.

തനിക്കെതിരേ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയില്‍ ആരും പ്രതികരിക്കാതിരുന്ന വേദന മനസിലാക്കിയതാണ്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നു വന്ന താന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പല സ്‌നേഹിതന്‍മാരും അതിനോടൊപ്പം ചേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മനോവികാരത്തിലാണ് സുധാകരനെ അനുകൂലിച്ച് പോസ്റ്റിട്ടത്. ഇതായിരിക്കണം നമ്മുടെ വികാരമെന്നും വികാരാധീനനായി ചെന്നിത്തല പറഞ്ഞു.

ഇടതു പക്ഷത്തിന് കോവിഡ് മഹാമാരി നല്‍കിയ സംഭവനയാണ് തുടര്‍ ഭരണം. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് സാഹചര്യം ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നു. ഇടത് സര്‍ക്കാരിന്റെ അഴിമതി കഥകള്‍ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.