ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെന്ന് മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍  ചൊവ്വാഴ്ച തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച ഇതു സംബന്ധിച്ച അവലോകനത്തിന് ശേഷം തീരുമാനമെടുക്കും. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നമ്മള്‍ നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് നിലവിലെ സ്ഥിതി തുടരുക. ഈ ഒരാഴ്ച കാലം ഏത് തരത്തിലാണ് കാര്യങ്ങള്‍ എന്നു നോക്കി കുറച്ച് ഇളവുകള്‍ കൂടി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ മതമേലധ്യക്ഷന്‍മാരും സമുദായ സംഘടനകളും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.