ബത്തേരി: സി.കെ. ജാനുവിനു സാമ്പത്തിക സഹായം നല്‍കിയതും അവര്‍ തിരിച്ചു നല്‍കിയതും തീര്‍ത്തും സുതാര്യമായ രീതിയിലാണെന്നു സി.കെ. ശശീന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ 10 ലക്ഷത്തില്‍ നിന്നു നാലര ലക്ഷം രൂപ ജെആര്‍പി അധ്യക്ഷ സി.കെ ജാനു കല്‍പറ്റ മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്കു കൈമാറിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ വെളിപ്പെടുത്തലിനെതിരെ പ്രതികരിക്കുകയായിരുന്നു സി.കെ ശശീന്ദ്രന്‍.
സി.കെ. ജാനുവിനു കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പൊലീസില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നിലാണ് നവാസ് ആരോപണമുന്നയിച്ചത്. സി.കെ. ശശീന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന കല്‍പറ്റയിലെ കേരള ബാങ്ക് ശാഖയില്‍ ജാനു നേരിട്ടെത്തിയാണു തുക കൈമാറിയതെന്നു നവാസ് പറഞ്ഞു.
എന്നാല്‍ സി.കെ. ജാനുവിനു സാമ്പത്തിക സഹായം നല്‍കിയതും അവര്‍ തിരിച്ചു നല്‍കിയതും തീര്‍ത്തും സുതാര്യമായ രീതിയിലാണെന്നു സി.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ജാനു എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിച്ച 2019 ഒക്ടോബറിലാണു വായ്പയായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.