വിസ്മയയുടെ മരണം: ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

വിസ്മയയുടെ മരണം: ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കൊല്ലം: ശാസ്താംകോട്ടയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് കിരണ്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
പത്തനംതിട്ട നിലമേല്‍ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.