മധുര: കോവിഡ് ഡെല്‍റ്റാ പ്‌ളസ് വകഭേദം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ ഒരാള്‍ രോഗം ബാധിച്ച് മരണമടഞ്ഞതായി റിപ്പോര്‍ട്ട്. മധുര സ്വദേശിയായ പുരുഷന്റെ മരണകാരണം ഡെല്‍റ്റാ പ്‌ളസ് വകഭേദമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം.എ സുബ്രഹ്മണ്യം അറിയിച്ചു.
മൂന്ന് പേരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ഡെല്‍റ്റാ പ്‌ളസ് വകഭേദമാണെന്ന് കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗമുക്തി നേടാനായി. ഇതില്‍ ഒരാള്‍ ചെന്നൈയില്‍ നിന്നുളള 32 വയസുകാരിയായ നഴ്സും മറ്റൊരാള്‍ കാഞ്ചീപുരം സ്വദേശിയുമാണ്. മരണമടഞ്ഞയാളുടെ ബന്ധുക്കളില്‍ നടത്തിയ പരിശോധനയില്‍ എല്ലാവരും കോവിഡ് നെഗറ്റീവാണ്.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ പ്‌ളസ് വകഭേദങ്ങളില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്. 20 കേസുകള്‍. തമിഴ്നാട്ടില്‍ ഒന്‍പതും. എന്നാല്‍ ആകെ സ്ഥിരീകരിച്ചവരില്‍ 30 ശതമാനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ്. രോഗം കണ്ടെത്തിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ട്. തമിഴ്‌നാട്ടില്‍ മധുര, കാഞ്ചീപുരം, ചെന്നൈ എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.