ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ദമ്പതികളുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം നടന്നത്.
സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.അവന്തിപ്പുരയിലെ താമസക്കാരനാണ് ഫയാസ് അഹമ്മദ്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശം സുരക്ഷാ സേന വളഞ്ഞതായും ഭീകരരെ പിടികൂടുന്നതിന് തെരച്ചില്‍ ആരംഭിച്ചതായും സുരക്ഷാസേന അറിയിച്ചു.
വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം നടന്ന മറ്റൊരു ആക്രമണം ജമ്മു കശ്മീരിനെ ഞെട്ടിച്ചു.
വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്. ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നേരിയ പരിക്കേറ്റിരുന്നു. ജമ്മു കശ്മീരില്‍ അതീവ ജാഗ്രത തുടരുകയാണ്.