ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ കണക്കുകള്‍ പുറത്തു വിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). 798 ഡോക്ടര്‍മാരുടെ ജീവനാണ് നഷ്ടമായത്. പട്ടികയില്‍ ഒന്നാമത് ഡല്‍ഹിയാണ്. 123 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ബീഹാറില്‍ 115 പേര്‍ക്ക് ജീവന്‍ നഷ്ടമായതയും ഐ.എം.എ വെളിപ്പെടുത്തി.
ഡെല്‍റ്റ പ്ലസ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്ട്രയിലും കേരളത്തിലും ഡോക്ടര്‍മാരുടെ മരണം തുടരുകയാണ്. മഹാരാഷ്ട്രയില്‍ 23 പേരും കേരളത്തില്‍ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ് ഏറ്റവും കുറവ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടര്‍ മാത്രമാണ് പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ജൂണ്‍ 25-ന് 776 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഐ.എം.എ അറിയിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ 22 ഡോക്ടര്‍മാരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.