പാകിസ്താനുവേണ്ടി ചാര പ്രവര്‍ത്തനം; രണ്ട് സൈനികര്‍ അറസ്റ്റില്‍

പാകിസ്താനുവേണ്ടി ചാര പ്രവര്‍ത്തനം;  രണ്ട് സൈനികര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് സൈനികരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്കു വേണ്ടി ചാരപ്പണി ചെയ്തുവന്ന ഇന്ത്യന്‍ സൈന്യത്തിലെ ശിപായിമാരായ ഹര്‍പ്രീത് സിങ്(23), ഗുര്‍ഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകള്‍ ഇവരില്‍നിന്ന് കണ്ടെത്തിയെന്നും ഇത്തരം 900-ത്തില്‍ അധികം രേഖകള്‍ ഇവര്‍ ഐ.എസ്.ഐയുമായി പങ്കുവെച്ചെന്നും പഞ്ചാബ് ഡി.ജി.പി. അറിയിച്ചു.

അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹര്‍പ്രീത് സിങ്. 19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീതിന് അനന്ത്‌നാഗിലായിരുന്നു പോസ്റ്റിങ്. 2017-ലാണ് ഹര്‍പ്രീത് സൈന്യത്തില്‍ ചേര്‍ന്നത്. പുനിയനിലെ ടാന്‍ ടരണ്‍ സ്വദേശിയാണ് ഗുര്‍ഭേജ് സിങ്. 18 സിഖ് ലൈറ്റ് ഇന്‍ഫന്റ്‌റി അംഗമായ ഗുര്‍ഭേജ്, കാര്‍ഗിലില്‍ ക്ലാര്‍ക്ക് ആയാണ് ജോലി ചെയ്തിരുന്നത്. 2015-ലാണ് ഗുര്‍ഭേജ് സൈന്യത്തില്‍ ചേര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.