ദുബായ്: ഗ്ലോബല്‍ വില്ലേജ് ഇത്തവണ ഒക്ടോബർ 26 ന് ആരംഭിക്കും. ആഗോള ഗ്രാമത്തിന്‍റെ 26 മത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. 2022 ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജ് 167 ദിവസമാണ് സന്ദർശകരെ സ്വീകരിക്കുക. ഗ്ലോബല്‍ വില്ലേജില്‍ കിയോസ്കുകളും സ്റ്റാളുകളും സ്ഥാപിക്കാന്‍ താല്‍പര്യമുളളവർക്ക് അധികൃതരുമായി ബന്ധപ്പെടാം. ഓഗസ്റ്റ് ഒന്നുവരെയാണ് ഇതിനുളള കാലാവധി. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതല്‍ നിർദ്ദേശങ്ങളൊക്കെ പാലിച്ചാകും ഇത്തവണയും ഗ്ലോബല്‍ വില്ലേജ് നടക്കുക.
ഓരോ വർഷവും ആയിരക്കണക്കിന് വാണിജ്യ പങ്കാളികളുമായും എക്സിബിറ്റർമാരുമായും കൈകോർത്ത് പ്രവർത്തിക്കുകയാണ് ഗ്ലോബല്‍ വില്ലേജ്. ഈ വർഷം സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും ടൂറിസ്റ്റ്, ബിസിനസ് ഹബ് എന്നീ നിലകളിൽ ദുബായിയുടെ സ്ഥാനം നിലനിർത്താന്‍ സഹായകരമാകുന്നതിലും അഭിമാനിക്കുന്നുവെന്നും ഗ്ലോബല്‍ വില്ലേജ് സിഇഒ ബദർ അന്‍വാഹി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്‍പ്പടെ വിവിധരാജ്യങ്ങളുടെ പങ്കാളിത്തം ഇത്തവണയുമുണ്ടാകും.