അബുദാബി: അബുദാബിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലപ്പുറം സ്വദേശികളായ നാല് പേര്‍ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശേരി സ്വദേശി അബ്ദുല്‍ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അബ്ദുല്‍ലത്തീഫും റുക്സാനയും മറ്റ് രണ്ട് മക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡില്‍ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായില്‍ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുകയായിരുന്നു.
മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം.