മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ വിശദീകരണം നല്‍കണം

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ വിശദീകരണം നല്‍കണം

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സൈസ് കമ്മിഷണറോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് നടക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ പാലിക്കുന്നില്ലെന്ന കാര്യം കോടതിയും ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു.

കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.