കശ്മീരില്‍ ഏറ്റുമുട്ടല്‍: മലയാളിയടക്കം രണ്ടുജവാന്മാര്‍ക്ക് വീരമൃത്യു

കശ്മീരില്‍ ഏറ്റുമുട്ടല്‍: മലയാളിയടക്കം രണ്ടുജവാന്മാര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. കോഴിക്കോട് ചേമഞ്ചേരി സ്വദേശി നായിബ് സുബേദാര്‍ എം. ശ്രീജിത്ത് (42), സിപായി എം. ജസ്വന്ത് റെഡ്ഡി എന്നിവരാണ് മണിക്കൂറികള്‍ നീണ്ട ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിക്കു സമീപം ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു.

രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. സുന്ദര്‍ബനിയിലെ ദാദലില്‍ വനമേഖലയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 29 മുതല്‍ സൈന്യം പരിശോധന തുടരുന്നുണ്ട്. വ്യാഴാഴ്ച ഭീകരരുടെ സാന്നിധ്യമറിഞ്ഞ് വനമേഖലയിലെത്തിയ സൈനികര്‍ ഭീകരരെ കണ്ടെത്തുകയും വെടിവെക്കുകയുമായിരുന്നു. ഭീകരരും തിരിച്ച് വെടിവെച്ചതോടെ പോരാട്ടം നീണ്ടു. ഇതിനിടയിലാണ് ശ്രീജിത്തിനും ജസ്വന്തിനും പരിക്കേറ്റത്.

ഗ്രനേഡ് അടക്കം ഉപയോഗിച്ചുള്ള ഭീകരരുടെ ആക്രമണം സൈനികര്‍ ചെറുത്തതായും രണ്ടു പാകിസ്താനി ഭീകരരെ കൊലപ്പെടുത്തിയതായും സൈനികവൃത്തങ്ങള്‍ പറഞ്ഞു. തിരുവങ്ങൂര്‍ മാക്കാട് വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്മയ ലക്ഷ്മി. സഹോദരങ്ങള്‍: റാണി, അനൂപ്. ചേമഞ്ചേരി പൂക്കാട് പുതുതായി വീട് നിര്‍മിച്ച് താമസിച്ചു വരുകയാണ്. മാര്‍ച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടില്‍ വന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.