മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച് കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.
പോലിസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ മരണപ്പെട്ടാല്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തണമെന്നും നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങുമെന്നും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. 84 വയസ് ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റാഞ്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതല്‍ മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി.