സംസ്ഥാനത്ത് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്

സംസ്ഥാനത്ത് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയില്‍ 40കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് ഇന്ന് സിക്ക സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഘട്ടമായി അയച്ച 27  സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ച്‌ കേന്ദ്രസംഘം നിര്‍ദ്ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.