സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കാന്‍ നിയമം വരുന്നു; തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും വ്യവസ്ഥ

സംസ്ഥാനത്ത്  വ്യവസായങ്ങളെ സംരക്ഷിക്കാന്‍ നിയമം വരുന്നു; തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും വ്യവസ്ഥ

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ നിയമം വരുന്നു. വ്യവസായങ്ങള്‍ക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി കിറ്റക്‌സ് കമ്പനി തെലുങ്കാനയില്‍ വ്യവസായം ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ അടിയന്തിരമായി പുതിയ വ്യവസായ സൗഹൃദ നിയമം കൊണ്ടു വരുന്നത്.

ഇതിന്റെ ഭാഗമായി വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടി വരും. ഇതോടെ വ്യവസായ രംഗത്തെ പരാതികള്‍ക്ക് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യവസായ മന്ത്രി പി.രാജീവാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പല വകുപ്പുകളില്‍നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോള്‍ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികള്‍ക്കുണ്ട്.

ഈ സാഹചര്യത്തിലാണ് ഒരു നിശ്ചിത മുതല്‍ മുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാന തല സമിതികള്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.