രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമോ: മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം നല്‍കി സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമോ: മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമോ എന്നതില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം നല്‍കി സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ രാജ്യദ്രോഹക്കുറ്റമടങ്ങുന്ന 124- എ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രത്തിന് രണ്ടാഴ്ച സമയംനല്‍കിയിരിക്കുന്നത്.

അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോടും ഇക്കാര്യത്തില്‍ മറുപടിനല്‍കാന്‍ ഏപ്രില്‍ 30-ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി ഫയല്‍ചെയ്യാന്‍ രണ്ടാഴ്ചകൂടി വേണമെന്ന ഇവരുടെ അപേക്ഷ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കേസ് 27-ന് വീണ്ടും പരിഗണിക്കും.

ഭരണകൂടങ്ങള്‍ക്കെതിരേ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് ഐ.പി.സി. 124-എ എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത നിയമത്തിലെ വ്യക്തതക്കുറവ് കാരണം അത് ദുരുപയോഗം ചെയ്യാനും ഏകപക്ഷീയമായി ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉള്‍പ്പെടെയുള്ളവരും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.