സ്ത്രീധനത്തോട് പെണ്‍കുട്ടികള്‍ 'നോ' പറയണം: ഗവര്‍ണര്‍

സ്ത്രീധനത്തോട്  പെണ്‍കുട്ടികള്‍ 'നോ' പറയണം: ഗവര്‍ണര്‍

തിരുവനന്തപുരം: സ്‌ത്രീധനം കാരണം സ്‌ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനത്തോട് പെണ്‍കുട്ടികള്‍ 'നോ' പറയണം. സ്ത്രീധനം ആവശ്യപ്പെട്ടെന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നം. സ്‌ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടികളുടെ വിഷയമല്ല. സ്‌ത്രീധനത്തിനെതിരെ എല്ലാവരും ഒരുപോലെ കൈ കോര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. താന്‍ ഉപവാസത്തിന് തീരുമാനിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കുമ്മനം രാജശേഖരനും ഗാന്ധിജിയുടെ പുത്രിയും തന്നെ വിളിച്ച്‌ പിന്തുണ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ അറിയിച്ചുവെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.

കോളേജില്‍ ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന നി‌ര്‍ദ്ദേശവും ഗവര്‍ണ‌ര്‍ മുന്നോട്ടുവച്ചു. സ്ത്രീധന പരാതിയുയര്‍ന്നാല്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

സഹാനുഭൂതിയാണ് പുരുഷന്‍മാര്‍ക്ക് വേണ്ടത്. വിവാഹിതരാകുന്നതില്‍ വരന്‍മാരുടെ അമ്മമാര്‍ സ്ത്രീധനം തടയണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.