കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യസാധ്യത തുറന്ന് സോണിയ-മമത കൂടിക്കാഴ്ച ജൂലൈ 25ന് ഡല്‍ഹിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്.
ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ തുടരുന്ന മമത ഹാട്രിക് വിജയത്തിന് ശേഷം ആദ്യമായി രാജ്യ തലസ്ഥാനത്ത് എത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യ സാധ്യതയെപ്പറ്റി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുന്നതിനാണ്.
ബിജെപിയുടെ വന്‍ തിരഞ്ഞെടുപ്പ് സന്നാഹങ്ങളെ മറികടന്ന് പശ്ചിമ ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്തിയത് മുതല്‍ അവര്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഡല്‍ഹിയില്‍ എത്തുന്ന മമത, സോണിയ ഗാന്ധിക്ക് പുറമെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് മമത ഡല്‍ഹിയില്‍ എത്തുക. ജൂലായ് 19 ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും.