സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന് യോഗത്തില്‍ തീരുമാനമുണ്ടാകും.

വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയില്ല. വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗണ്‍. ബക്രീദ് പ്രമാണിച്ച് നാളത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. ബക്രീദ് പ്രമാണിച്ച്‌ നാളെ മുതല്‍ മൂന്ന് ദിവസം ഇളവായതിനാല്‍ ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. ബുധനാഴ്ചയാണ് ബക്രീദ്. ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.

അതേസമയം ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടി വരും. എല്ലാ ദിവസവും കടകള്‍ രാത്രി എട്ടുവരെ തുറക്കാന്‍ അനുവദിക്കണം എന്ന നിര്‍ദേശമാണ് സര്‍ക്കാരിന് മുന്‍പിലുള്ളത്. ടിപിആര്‍ ഉയര്‍ന്ന മേഖലകള്‍ അടിച്ചിട്ട് മറ്റ് പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കുക എന്ന സാധ്യതയും സര്‍ക്കാര്‍ പരി​ഗണിച്ചേക്കും. മാളുകള്‍ തുറക്കുന്നതും ഉടന്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല ഇന്ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.