ഗുവാഹാട്ടി: മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ഷര്‍മ. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റിയും തീവെച്ച് നശിപ്പിച്ചുമാണ് ശര്‍മ ലഹരിക്കെതിരെ ശക്തമായ താക്കിത് നല്‍കിയത്.
പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രണ്ടിടങ്ങളിലായി മയക്ക് മരുന്നുകള്‍ കൂട്ടിയിട്ട് കത്തിച്ച അസം മുഖ്യമന്ത്രി നാഗോണിലാണ് ബുള്‍ഡോസര്‍ ഓടിച്ച് മദ്യകുപ്പികളക്കം നശിപ്പിച്ചത്. ഹിമന്ദ ബിശ്വ ശര്‍മ അധികാരമേറ്റ്, കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമില്‍ പിടികൂടിയത് 173 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ്. 900ഓളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1500 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. മയക്കുമരുന്ന് കടത്തുകാരേയും വില്‍പനക്കാരേയും നേരിടാന്‍ പോലീസിന് സമ്പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്നാണ് അസം മുഖ്യന്ത്രി പറഞ്ഞത്. സമൂഹത്തില്‍ മയക്കുമരുന്ന് ഇല്ലാതാക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.