കൊല്ലം: എന്‍സിപി നേതാവിനെതിരെ പീഡന പരാതിയില്‍ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാല്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു. പദ്മാകരനും, എന്‍ സി പി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് കേസെടുത്തത്. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതി എന്നാണ് പദ്മാകരനും അനുകൂലികളും വിശദീകരിക്കുന്നത്. അതേസമയം സംഭവത്തെ പറ്റി അന്വേഷിക്കാന്‍ എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജ് ഇന്ന് കൊല്ലത്തെത്തും.