കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് പുതിയ കേസ് എടുത്ത് അന്വേഷിക്കും.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. നൂറ് കോടിയില്‍ പരിമിതപ്പെടുന്നതല്ല തട്ടിപ്പ്. കൂടുതല്‍ രേഖകള്‍ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വഞ്ചന, ഗൂഢാലോചന എന്നിവ കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കും. നൂറ് കണക്കിന് രേഖകള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യും. കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളില്‍ എങ്ങനെ അന്വേഷണം വേണമെന്ന് തീരുമാനിക്കുകയെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.