ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് എട്ട് ആഴ്ചത്തെ സമയം നല്‍കി. കേരളം നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എതിര്‍കക്ഷി.
ആദ്യം നിയമ മന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കിയായിരുന്നു കേരളം ഹര്‍ജി നല്‍കിയിരുന്നത്. നിയമ മന്ത്രാലയത്തിന് പകരം ആഭ്യന്തര മന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കി പിന്നീട് ഹര്‍ജി തിരുത്തുകയായിരുന്നു. ഇതും കോടതി അംഗീകരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കുന്നതോടെ കേരളത്തിന്റെ സൂട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ വാദം.