ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്കെതിരേ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വന്തം രാജ്യത്തിനെതിരേ ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇത് അന്വേഷിക്കപ്പെടണം. ആഭ്യന്തര മന്ത്രി രാജിവെക്കണം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പെഗാസസ് ചോര്‍ത്തല്‍ അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ ഫോണ്‍ അവര്‍ ചോര്‍ത്തി. ഒന്നല്ല എല്ലാ ഫോണുകളും ചോര്‍ത്തി. മറ്റ് പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ഞാന്‍ ഭയപ്പെടുന്നില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ', രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ ഫോണ്‍ ചോര്‍ത്തുന്ന വിവരം അറിയിച്ച് ഐബി ഉദ്യോഗസ്ഥരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നു. തന്റെ ഫോണ്‍ നിരീക്ഷിച്ചതായി തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.