ആലപ്പുഴ: സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ പരാതികളുടെ പ്രളയം. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തി. സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്നായിരുന്നു മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാലിന്റെ പരാതി. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സുധാകരനെ പിന്തുണച്ചത്.
അതേസമയം, രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവര്‍ ഇന്ന് കമ്മീഷന് മുന്നിലെത്തി വിവരങ്ങള്‍ കൈമാറി. പ്രാദേശിക നേതാക്കളില്‍ നിന്നുള്ള തെളിവെടുപ്പും ഇന്ന് നടന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്‌സിലെ വിവരങ്ങള്‍ കമ്മീഷന്‍ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ഇന്നലെ പാര്‍ട്ടി കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു. അന്വേഷണ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുക.