ന്യുഡല്‍ഹി: ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഭാരോദ്വഹന തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡോമിനോസ് ഇന്ത്യ. നേട്ടം കൈവരിച്ചതിന് പിന്നാലെ ചാനു പിസ തന്റെ ഇഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററില്‍ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവന്‍ ചാനുവിന് പിസ സൗജന്യമായി നല്‍കുമെന്ന വിവരം അറിയിച്ചത്.
പരിശീലനത്തിന്റെയും മറ്റും ഭാഗമായി ചാനു കഴിഞ്ഞ നാല് വര്‍ഷമായി സാലഡുകള്‍ മാത്രമാണ് കഴിച്ചിരുന്നത്. ഇനിയിപ്പോള്‍ ഐസ്‌ക്രീം, കേക്ക് പോലെ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആദ്യം പിസ കഴിക്കണമെന്ന് മീരാബായ് ചാനു മറുപടി നല്‍കിയത്.