ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് രാവിലെ 11 മണിക്ക്

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് രാവിലെ 11 മണിക്ക്

മുഖ്യമന്ത്രി പദത്തിലെത്തുന്നത് യെദ്യൂരപ്പയുടെ വിശ്വസ്തന്‍
ലിംഗായത്ത് സമുദായത്തിലെ പ്രമുഖന്‍

ബെംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 11 മണിക്കാണ് ചടങ്ങ്. കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്. നിലവില്‍ യെദ്യൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തര, നിയമ മന്ത്രിയാണ്.

ഇന്നലെ ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ നിയമസഭാ കക്ഷിയോഗമാണ് പുതിയ മുഖ്യമന്ത്രിയായി ബസവരാജിനെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നേതൃത്വം നല്‍കിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് യെദ്യൂരപ്പ തന്നെയാണ് നിര്‍ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഈ പേര് അംഗീകരിക്കുകയായിരുന്നു. മുഴുവന്‍ എംഎല്‍എമാരും തീരുമാനം അംഗീകരിച്ചതോടെ എതിര്‍പ്പില്ലാതെ അധികാര കൈമാറ്റം പൂര്‍ത്തിയാക്കാനായി.

മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ്.ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ജനതാദളില്‍ നിന്നും ബസവ ബിജെപിയിലെത്തിയത്. ഹൂബ്ബള്ളിയില്‍ നിന്നുള്ള എംഎല്‍എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്. എന്‍ജിനിയറായ അദ്ദേഹം വര്‍ഷങ്ങളോളം ടാറ്റ ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.